Friday 20 October 2017

താങ്കളെ പരിഗണിക്കാതെ നായയെ ശ്രദ്ധിച്ചത് സ്വർഗ്ഗം നഷ്ടപ്പെടാതിരിക്കാനാണ്

നല്ല കഥ  (18)




മദ്ഹബിന്റെ ഇമാമുകളിൽ നാലാമനായ ഇമാം അഹ്മദ് ബ്നു ഹമ്പൽ (റ) മെസപ്പൊട്ടോമിയയിലെ ഒരു പണ്ഡിതന്റെ അടുത്ത് ഒരു വിശേഷ ഹദീസുണ്ടെന്ന് കേട്ടു. ഇമാം അതു തേടി പ്രസ്തുത സ്ഥലത്തെത്തി. ഒരു നായക്ക് ആഹാരം കൊടുക്കുന്ന വൃദ്ധനെയാണ് അദ്ദേഹം അവിടെ കണ്ടത്.സലാം പറഞ്ഞപ്പോൾ മടക്കിയെങ്കിലും ആഗതനെ വേണ്ട പോലെ ഗൗനിക്കാതെ വൃദ്ധൻ നായയെ തീറ്റുന്നതിൽ വ്യാപൃതനായി. ഇമാമിനു മനോവിഷമം തോന്നി.

വൃദ്ധൻ തന്റെ പ്രവൃത്തിയിൽ നിന്ന് വിരമിച്ചപ്പോൾ ഇമാമിനു നേരേ തിരിഞ്ഞു പറഞ്ഞു:
"ഞാൻ താങ്കളെ പരിഗണിക്കാതെ നായയെ ശ്രദ്ധിച്ചതിൽ താങ്കൾക്ക് മനോവിഷമം തോന്നിയത് പോലെയുണ്ടല്ലോ."
ഇമാം 'അതെ' എന്ന് പറഞ്ഞപ്പോൾ വൃദ്ധനായ ആ പണ്ഡിതൻ പറഞ്ഞു:  മഹാനായ അബൂസിനാദ് അഅറജ് എന്ന പണ്ഡിതൻ ഇമാം അബൂഹുറൈറ എന്ന സ്വഹാബി പ്രമുഖനിൽ നിന്ന് ഉദ്ധരിച്ച ഒരു ഹദീസ് എന്നെ പഠിപ്പിച്ചിട്ടുണ്ട്. "തന്നെ പ്രതീക്ഷിച്ചു വന്നവന്റെ  പ്രതീക്ഷ വല്ലവനും മുറിച്ച് കളഞ്ഞാൽ അന്ത്യദിനത്തിൽ അവന്റെ പ്രതീക്ഷയെ അല്ലാഹു മുറിച്ചുകളയും. അപ്പോൾ അവന് സ്വർഗ്ഗത്തിൽ പ്രവേശിക്കാൻ കഴിയില്ല."
എന്ന പ്രവാചക വചനമാണത്. എന്റെ ഈ നാട് നായകൾ ഇല്ലാത്ത നാടാണ്.

ഈ നായ എന്നിൽ അഭയം തേടി പ്രതീക്ഷിച്ച് വന്നതാണ്. അതിനാൽ .അതിന്റെ പ്രതീക്ഷ മുറിക്കുവാൻ ഞാൻ ഭയപ്പെട്ടു. അതു മുറിച്ചാൽ അല്ലാഹു അന്ത്യദിനത്തിൽ എന്റെ പ്രതീക്ഷയും മുറിച്ച് കളഞ്ഞേക്കും. ഇതു കേട്ട ഇമാം അഹ്മദ് ബ്നു ഹമ്പൽ (റ) എനിക്ക് ഈ ഹദീസ് മതി എന്ന് ആ പണ്ഡിതനോട് പറഞ്ഞ് സന്തോഷപൂർവം തിരിച്ചുപോയി.


( ഹയാത്തുൽ ഹയവാൻ )

No comments:

Post a Comment